പത്ത് സുഹൃത്തുക്കള്‍ ഒരു പഠനയാത്ര നടത്താന്‍ തീരുമാനിക്കുന്നു. ഒമ്പതു മണിക്ക് ബസ്സ്റ്റാന്റിലെത്തണമെന്ന് നിശ്ചയിക്കുന്നു. എട്ടുപേര്‍ നിശ്ചിത സമയത്തും അതിനുമുമ്പായും സ്ഥലത്തെത്തുന്നു. രണ്ടാളുകള്‍ എത്താത്തതിനാല്‍ കൃത്യസമയത്ത് യാത്ര ആരംഭിക്കാന്‍ കഴിയാതെവരുന്നു. അരമണിക്കൂര്‍ വൈകി ഒരാളെത്തുന്നു. പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞ് രണ്ടാമനും. ഇതിനിടെ ആദ്യമെത്തിയ എട്ടുപേരും എത്രതവണ സമയം നോക്കിയിട്ടുണ്ടായിരിക്കും! മനസ്സ് അനേകം തവണ എത്താന്‍ വൈകിയവരെ കുറ്റപ്പെടുത്തിയിട്ടുണ്ടായിരിക്കും. അകമേ ഈര്‍ഷ്യത പ്രകടിപ്പിച്ചിരിക്കും. അതോടൊപ്പം കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാവും. ഇവിടെ രണ്ടുപേര്‍ വൈകിയതു കാരണം മറ്റു എട്ടുപേരും വളരെ പ്രയാസപ്പെടുന്നു. ഓരോരുത്തരുടെയും വിലപ്പെട്ട ഓരോ മണിക്കൂര്‍ നഷ്ടപ്പെടുന്നു. ഫലത്തില്‍ എട്ടുമണിക്കൂര്‍ പാഴാവുന്നു. തുടര്‍യാത്രയില്‍ ഒട്ടേറെ കഷ്ട-നഷ്ടങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ചിലപ്പോഴെങ്കിലും നിശ്ചിതവാഹനം കിട്ടാതാവുന്നു. അതുണ്ടാക്കുന്ന പ്രയാസമോ സങ്കല്പിക്കുന്നതിലപ്പുറവും.
ഇരുപതംഗങ്ങളുള്ള കമ്മറ്റി മീറ്റിംഗം നടക്കുകയാണ്. സുപ്രധാനമായ വിഷയം ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ എല്ലാവരുടെയും സാന്നിധ്യമുണ്ടാവണമെന്ന് തീരുമാനിക്കുന്നു. രണ്ടോ മൂന്നോ പേര് നിശ്ചിതസമയത്ത് എത്തുന്നില്ല. അത് മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന വികാരങ്ങളും അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ഊഹിക്കാവുന്നതിലപ്പുറമാണ്. യോഗം തുടങ്ങുന്നത് ഒരുമണിക്കൂര്‍ വൈകിയാണെങ്കില്‍ നേരത്തെ എത്തിയവര്‍ക്കെല്ലാം ഓരോ മണിക്കൂര്‍ നഷ്ടപ്പെടുന്നു. ഫലത്തില്‍ പതിനേഴോ പതിനെട്ടോ മണിക്കൂര്‍ നഷ്ടപ്പെടുന്നു.
നിശ്ചിതസമയത്ത് ആരംഭിക്കുന്ന പൊതുയോഗം നമ്മുടെ നാട്ടില്‍ അത്യപൂര്‍വമായിരിക്കും. പ്രസംഗകരുടെ വലുപ്പവും പ്രാധാന്യവുമനുസരിച്ച് അവര്‍ എത്താനുള്ള സമയവും വൈകിക്കൊണ്ടിരിക്കും. നിശ്ചിത സമയത്ത് പ്രഭാഷകരെത്തുന്നത് ഒരു പോരായ്മയായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടാറുള്ളത്. ഫലമോ, യോഗത്തില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിനാളുകളുടെ ഒന്നും ഒന്നരയും രണ്ടുമൊക്കെ മണിക്കൂറുകള്‍ നഷ്ടപ്പെടുന്നു. അങ്ങനെ ഒരൊറ്റയാള്‍ കാരണമായി ആയിരക്കണക്കിന് മണിക്കൂര്‍ ആര്‍ക്കും ഒട്ടും പ്രയോജനപ്പെടാതെ പാഴായിത്തീരുന്നു. സംഘാടകര്‍ അസാധാരണമായ അസ്വസ്ഥതയും മനസ്സംഘര്‍ഷവും അനുഭവിക്കുന്നു.
വിവാഹവേളയില്‍ വരനെത്താറുള്ളത് പലപ്പോഴും രണ്ടും മൂന്നും മണിക്കൂര്‍ വൈകിയാണ്. തദ്ഫലമായി വിവാഹകര്മ്മത്തിലിപ്പോള് ഏറെ പേരും സന്നിഹിതരും സാക്ഷികളുമാകാറില്ല. അഥവാ, കല്യാണത്തിനു വരുന്നവര്‍ അതിലെ പ്രധാന പരിപാടിയില്‍ പങ്കെടുക്കാറില്ല. അഥവാ, കല്യാണത്തിനു വീട്ടില്‍ വരുന്നവര്‍ അപ്പപ്പോള്‍ തന്നെ ആഹാരം കഴിച്ച് സ്ഥലം വിടുക പതിവും സ്വാഭാവികവുമായിരിക്കുന്നു.
മരണാനന്തര കര്‍മങ്ങളുടെ കാര്യവും ഇവ്വിധം തന്നെ. സമയനിഷ്ഠ പാലിക്കാതെ വന്നതു കാരണം മഹാഭൂരിപക്ഷവും ഇന്ന് മരണവീട്ടില്‍ പോയിമടങ്ങാറാണ് പതിവ്. മരണാനന്തര കര്‍മങ്ങളില്‍ പങ്കാളികളാവുകയും ജനാസ നമസ്കരിക്കുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവര്ക്ക് സമയനിഷ്ഠ പാലിക്കാതിരിക്കുന്നത് വളരെയേറെ പ്രയാസം സൃഷ്ടിക്കുന്നു.
മറ്റുള്ളവരുടെ സമ്പത്ത് കട്ടോ കവര്ന്നോ വഞ്ചിച്ചോ കൈവശപ്പെടുത്തിയാല്‍ അത് തിരിച്ചുകൊടുത്ത് പശ്ചാത്താപത്തിലൂടെ പാപമുക്തനാകും. എന്നാല്‍ മറ്റുള്ളവരുടെ സമയവും ആയുസ്സും നഷ്ടപ്പെടുത്തിയാല്‍ അതിനു പിന്നീടൊരു പരിഹാരവുമില്ല. നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാനോ പകരം സമയം നല്‍കാനോ സാധ്യമല്ലാത്തതാണല്ലോ സമയം. ആയുസ്സ് പൂര്‍ണമായും കവര്‍ന്നെടുക്കല്‍ കൊലപാതകമാണ്. സമയം കവര്‍ന്നെടുത്ത് ആയുസ്സിലെ കുറേ ഭാഗം നശിപ്പിക്കല്‍ ഭാഗികമായ കൊലയുമാണെന്നര്ഥം. ആരെത്ര ശ്രമിച്ചാലും തിരിച്ചുകിട്ടാത്ത അമൂല്യമായതിനെയാണ് സമയനിഷ്ഠ പുലര്‍ത്താത്തവര്‍ തങ്ങളുടേതെന്ന പോലെ മറ്റുള്ളവരുടേതും നശിപ്പിക്കുന്നത്. ഏറെപ്പേരും ഇതൊന്നുമോര്ക്കാറില്ലെന്ന് മാത്രം. അതുതന്നെയാണല്ലോ പ്രവാചകനും പറഞ്ഞത്. ‘ രണ്ട് അനുഗ്രഹങ്ങളെ സംബന്ധിച്ച് അധികപേരും അശ്രദ്ധരാണ്. ആരോഗ്യവും ഒഴിവു സമയവും’. റമദാൻ എന്നത് അവന്റെ ദുശ്ശീലങ്ങളിൽ നിന്നും അവനെ സംസ്ക്കക്കരിച്ചെടുക്കാൻ കൂടി ഉള്ളതാണല്ലോ ഈ റമദാനിൽ നമുക്ക് സമയനിഷ്ഠ പാലിക്കുന്നതിൽ സുഷ്മത പാലിക്കാൻ പരിശ്രമിക്കാം. പടച്ച തമ്പുരാൻ അതിന് നമ്മെ അനുഗ്രഹിക്കട്ടെ…ആമീൻ
മൂസാൻ മരക്കാർ, ലൂട്ടൻ