“ജീവിതം തേടി ഞങ്ങൾ നാടു വിട്ടു
ജീവനാം ഞങ്ങടെ നാടു വിട്ടു
സമ്പത്തു തേടി ഞങ്ങൾ നാടു വിട്ടു
സായിപ്പുമാരുടെ നാട്ടിലെത്തി
കട്ടിമഞ്ഞിൽ  ഞങ്ങൾ വിറഞ്ഞുതുള്ളി
അന്ധകാരത്തിൽ ഞങ്ങൾ പകച്ചു നിന്നു
ഏകരായി നാളുകൾ തള്ളി നീക്കി
നീറുന്ന ദിനങ്ങൾ പോയിമറഞ്ഞു
ഇരുട്ടിന്റെ പുതപ്പു വകഞ്ഞു മാറ്റി
സൂര്യൻ പതുക്കെ എത്തി നോക്കി
ശുഷ്ക്കിച്ചു ലോപിച്ചു മുണ്ഡനം ചെയ്ത
ശിരസ്സു നമിച്ചു നിന്നൊരാ സസ്യലതാദികൾ

അർക്കന്റെ  ആഗമനമാഘോഷമാക്കി
ഉത്സവം തുടങ്ങിയെമ്പാടും
പട്ടുമെത്ത വിരിച്ചു ഭൂമി
പുഷ്‌പാർച്ചന നടത്തീ മാമരങ്ങൾ
ഉഷ്ണത്തിലുരുകീ  മർത്യരെല്ലാം
ആഘോഷമാക്കിയീ  ചൈതന്യത്തെ
മൃത്യുവിൽ  നിന്നും  പുതു  ജീവനേകി
ഉയർത്തെഴുന്നേൽപ്പിച്ച  ദൈവത്തിനു
സ്തുതിപാടി കായ്കനികളാൽ
ഫലവൃക്ഷങ്ങൾ,
ചിന്തകൾ വറ്റിയ മനുഷ്യക്കൂട്ടം
സൃഷ്ടിയെ മാത്രം സ്നേഹിച്ചു കൂട്ടി
സൃഷ്ടാവിനെയവൻ മറന്നു പോയി

തന്നുടെ കഴിവിലഹങ്കരിച്ചും
തന്നിഷ്ടം മാത്രം ചെയ്തു കൂട്ടി
ജീവിതമാസ്വാദനത്തിനു മാത്രമെന്ന്
മൂഢസ്വർഗ്ഗത്തിലവർ ആശ്വസിച്ചു
എന്തെല്ലാമോ നേടിയ മനസ്സുകളിൽ

ശൂന്യത വന്നു നിറഞ്ഞു നിന്നു
ഹൃദയത്തിൻ ദാഹം ആർത്തിയായി
ദൈവത്തിൻ കാരുണ്യം മാത്രമായി
പിന്നിട്ട തിരച്ചിലിൻ കാലമായി
തേടി നടന്നു കണ്ടെത്തി ഞങ്ങൾ
സോദരരെ എമ്പാടുമായി
പങ്കു വെച്ചു ആശകൾ, ആശങ്കകൾ

പിന്നെ സ്വപ്‌നങ്ങൾ
അങ്ങിനെ ഞങ്ങൾ മിനഞ്ഞെടുത്തു
സ്നേഹത്തിന്‍ കൂട്ടായ്മയീ സംരംഭത്തെ

അല്ലാഹുവിനു സ്തോത്രം, എല്ലാമവനുടെ കാരുണ്യം
ഞങ്ങൾ തൻ ഈമാന്‍റെ ഊറ്റ് കൂട്ടാൻ
തലമുറകൾക്കു നേർവഴിയേകാൻ
റബ്ബേ നീ കാക്കണേ ഞങ്ങൾ തൻ
എളിയ കൂട്ടായ്മയെ എന്നുമെന്നും..”

Kaulath Mohammed , UK